എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ് തിരക്കില്‍ അലഞ്ഞു നടക്കണം. വൈകുന്നേരങ്ങളില്‍ കടല്‍പ്പാലത്തില്‍ നിന്നും സൂര്യാസ്തമയം കാണണം. നനഞ്ഞ തീരത്തു കൂടി തനിച്ചു നടന്നു പോകണം. തിരകള്‍ വന്നു കാലില്‍ പുണരുമ്പോള്‍ പേടിയോടെ കണങ്കാല് ഉയര്‍ത്തി ഓടി അകലണം. ഇടയ്ക്ക് പോയി മാനവും മനുഷ്യരെയും നോക്കിയിരിക്കണം. പണ്ട് ആളുകള്‍ ചോദിച്ചത് പോലെ രണ്ടു കൈ കൊണ്ടും നിറയെ കവിതകള്‍ എഴുതണം. മനസ്സില്‍ വീണ്ടും വീണ്ടും പ്രണയം നിറച്ചു സ്വപ്നങ്ങള്‍ കാണണം. മണല്‍ കൂമ്പാരത്തില്‍ വീണുപോയ ഉടയാത്ത ഒരു ശംഖ് ഉണ്ട്, കടല്‍ തീരത്തെവിടെയോ. അതെന്റെ ഹൃദയമായിരുന്നു. വിളക്കു മരത്തിന്റെ നേര്‍ത്ത വെട്ടത്തില്‍ അതെനിക്ക് വീണ്ടെടുക്കണം. തിളയ്ക്കുന്ന കടല്‍ പോലെ എന്റെ മനസ്സില്‍ തുളുമ്പുന്ന പ്രണയം നിറച്ച സന്ധ്യകളിലേക്ക് എനിക്ക് മടങ്ങി പോകണം. പഴയതു പോലെ ഞാന്‍ ഒറ്റപ്പെടുകയില്ല. സ്നേഹിക്കുന്ന ഒരുപാട് മുഖങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. ഞാന്‍ അകന്നു പോയപ്പോഴും ഒരു പരാതിയും പറയാതെ എന്നെ സ്നേഹിച്ചവര്‍.
.........................gayathrimuthukulam...................
.........................